കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഒരു വിദേശ താരത്തെ കൂടി ടീമിലെത്തിച്ചു. സ്പാനിഷ് താരം മത്യാസ് ഹെർണാണ്ടസിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്.
ഗോകുലം കേരള എഫ്സിയിൽ നിന്നാണ് ഈ മുപ്പതുകാരനായ സ്പാനിഷ് താരം വരുന്നത്. മധ്യനിരയിൽ കൂടുതൽ നിയന്ത്രണവും ഓപ്ഷനുകളും ഉറപ്പാക്കാൻ ഈ സൈനിംഗ് സഹായിക്കും.
വലംകാലൻ ഡിഫൻസീവ് മിഡ്ഫീൽഡറായ ഹെർണാണ്ടസ്, കളിയിലെ അച്ചടക്കത്തിനും പ്രതിരോധത്തിലെ സാന്നിധ്യത്തിനും ശ്രദ്ധേയനാണ്. 1.86 മീറ്റർ ഉയരമുള്ള താരം ഏരിയൽ ഡ്യുവലുകളിലും ശാരീരികക്ഷമത ആവശ്യമുള്ള സാഹചര്യങ്ങളിലും ടീമിന് ഗുണകരമാകും.
സാഹചര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി കളിക്കാനുള്ള കഴിവും പ്രതിരോധ നിരയെ ഏകോപിപ്പിക്കുന്നതിലെ മികവും മത്യാസിന്റെ സവിശേഷതയാണ്. സ്പെയിനിലെ സലാമാങ്കയിൽ ജനിച്ച ഹെർണാണ്ടസ്, സിഡി ലറെഡോ, സലാമാങ്ക സിഎഫ് യുഡിഎസ്, യുഡി ഫോർമെന്റ തുടങ്ങി വിവിധ വിദേശ ക്ലബ്ബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്.